Kerala
തിരുവനന്തപുരം: പീഡനത്തിനിരയായി മരിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ പോക്സോ കേസെടുത്തതിൽ പ്രതികരണവുമായി മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. താൻ എന്നും ഇരകൾക്കൊപ്പമാണ്.
പോക്സോ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ശ്രീലേഖ പറഞ്ഞു. പോക്സോ നിയമം വന്നപ്പോൾ സന്തോഷിച്ച വ്യക്തിയാണ് താൻ. അറിഞ്ഞുകൊണ്ട് ഒരു പെൺകുട്ടിക്കും ദോഷംചെയ്യില്ല. 2021ൽ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയെന്നാണ് പരാതി.
കുട്ടിക്ക് മരണസമയത്ത് 20 വയസിനോട് അടുത്ത് പ്രായമുണ്ടായിരുന്നു. താൻ നേതൃത്വം നൽകിയ അന്വേഷണത്തിൽ ആ കുട്ടി പ്രായപൂർത്തിയായ ആളാണെന്ന് വ്യക്തമായതാണെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടി. എഫ്ഐആറിൽ മൈനറെന്ന് രേഖപ്പെടുത്തിയെങ്കിലും കുട്ടിക്ക് പ്രായപൂർത്തിയായതിനാൽ തനിക്കെതിരെയുള്ള കേസിൽ പോക്സോ നിലനിൽക്കില്ല.
2022ലെ സംഭവമായതിനാൽ ഭാരതീയ ന്യായ സംഹിത ബാധകമല്ലെന്നും അവർ പറഞ്ഞു. കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിൽ മാതാപിതാക്കൾക്ക് പരാതിയില്ലെന്നും മാധ്യമങ്ങളിൽ പലയിടത്തും ആ കുട്ടിയുടെ പേര് ഇതിനോടകം വന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
District News
ആലപ്പുഴ: ജില്ലാ ജയിലിൽ പോക്സോ കേസ് പ്രതിക്ക് സഹതടവുകാരന്റെ മർദനം. സംഭവത്തിൽ അടിപിടിക്കേസിലെ പ്രതിയായ റോണിക്കെതിരേ (40) സൗത്ത് പോലീസ് കേസെടുത്തു. പോക്സോ കേസ് പ്രതി തങ്കപ്പനാണ് (85) മർദനമേറ്റത്. പുതുവത്സരദിനത്തിലായിരുന്നു സംഭവം. ഇരുവരും കഴിഞ്ഞ 31നാണ് ജില്ലാ ജയിലിലെത്തിയത്.
തങ്കപ്പൻ പോക്സോ കേസിലെ പ്രതിയാണെന്ന് റോണിക്ക് അറിയില്ലായിരുന്നു. ഇതറിഞ്ഞതോടെ തനിക്കും പെൺമക്കളുണ്ടെന്ന് പറഞ്ഞുകൊണ്ട് മർദിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ ജയിൽ ഉദ്യോഗസ്ഥരാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ഒരച്ഛനെന്ന നിലയിലുള്ള രോഷം കൊണ്ട് മർദിച്ചതാണെന്നായിരുന്നു പ്രതി പോലീസിനോടു പറഞ്ഞത്.
സംഭവത്തിൽ തങ്കപ്പന്റെ പല്ലുകൊഴിഞ്ഞു. കഴിഞ്ഞ 29നും ജില്ലാ ജയിലിൽ തടവുകാരനെ സഹതടവുകാരൻ മർദിച്ചിരുന്നു. ജില്ലാ ജയിലിലെ തടവുകാരനായ തമ്പിക്കുട്ടനാണ് (53) മർദനമേറ്റത്.
ജയിലിൽ മൂത്രമൊഴിച്ചുവെന്ന വിരോധത്തിലാണ് സഹതടവുകാരനായ മണികണ്ഠൻ തമ്പിക്കുട്ടനെ മർദിച്ചത്. തന്റെ ദേഹം വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് ബാത്ത്റൂമിൽ എത്തിക്കുകയും തലയ്ക്ക് കൈകൊണ്ടും പ്ലാസ്റ്റിക്ക് ബക്കറ്റുപയോഗിച്ചും മർദിക്കുകയായിരുന്നു. ഈ സംഭവത്തിലും സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
District News
മുട്ടം: പ്രായപൂർത്തിയാകീത്ത പെൺകുട്ടിയെ പിഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 57 വർഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മൂലമറ്റം പുത്തൻപുരയ്ക്കൽ അശ്വിൻ കണ്ണനെ (25) യാണ് തൊടുപുഴ പോക്സോ പ്രത്യേക ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്. താമസസ്ഥലത്ത് അതിക്രമിച്ചു കയറി പലതവണ പിഡിപ്പിച്ചുവെന്നാണ് കേസ്. 2020 മാർച്ചിൽ വിവിധ ദിവസങ്ങളിലാണ് കേസിനാധാരമായ സംഭവം.
പിഡനവിവരം ഇടുക്കി ചൈൽഡ് വെൽഫയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയായാണെന്നു കണ്ടെത്തി. കരിങ്കുന്നം പോലിസിൽ നൽകിയ മൊഴിയാണ് കേസിന് ആധാരം. പ്രതിയുടെ ഡിഎൻഎ പരിശോധനയിൽ കുട്ടിയുടെ പിതൃത്വം തെളിഞ്ഞിരുന്നു. താമസസ്ഥലത്ത് അതിക്രമിച്ചു കയറിയതിന് ഏഴു വർഷം കഠിനതടവും അന്‍പതിനായിരം രൂപ പിഴയുമുണ്ട്. പിഴ ഒടുക്കാൻ വീഴ്ചവരുത്തിയാൽ ഒരു വർഷം തടവുകൂടി അനുഭവിക്കണം.
വിവിധ തവണ പിഡിപ്പിച്ച് ഗർഭിണിയാക്കിയ കുറ്റങ്ങൾക്ക് അന്‍പതു വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയുമുണ്ട്. തുകയിൽ രണ്ടു ലക്ഷം നഷ്ടപരിഹാരമായ അതിജീവിതക്കു നൽകണം. തുക അടയ്ക്കാത്ത പക്ഷം അഞ്ചു വർഷം കഠിനതടവു കൂടി അനുഭവിക്കണം. പെൺകുട്ടിക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇതിനായി ജില്ലാ ലീഗൽ സർവീസസ് അഥോറിട്ടി നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി. വിചാരണക്കിടെ പ്രതി ഒളിവിലായിരുന്നു. പിന്നീട് മേലുകാവ് സാജൻ സാമുവേൽ കൊലക്കേസിൽ പ്രതിയായതിനെത്തുടർന്ന് അറസ്റ്റിലാകുകയായിരുന്നു. കരിങ്കുന്നം പോലീസ് ചാർജ് ചെയ്ത കേസാണിത്.
Kerala
കണ്ണൂർ: ഒരു കുടുംബത്തിലെ മൂന്നുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ നിമിഷ നിവാസിൽ ഇ.കിഷൻ (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്.
കിഷൻ ജീവനൊടുക്കിയതിൽ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കുകയായിരുന്നു. കിഷൻ പോക്സോ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കിഷനും മുത്തശ്ശിയും സഹോദരിയുമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്,
കിഷന്റെ മൃതദേഹം തലശേരിയിലെ ആശുപത്രിയിൽ എത്തിച്ച ശേഷം പോലീസ് തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് മുത്തശ്ശിയും സഹോദരിയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
District News
കാസർഗോഡ്: 2022 ൽ വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട യുവാവിനെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടു.
ആഴ്ചകളോളം നീണ്ടുനിന്ന പോലീസ് കസ്റ്റഡിക്കും പിന്നീട് മൂന്നുവർഷത്തിലേറെക്കാലം നീണ്ട നിയമനടപടികൾക്കും ശേഷമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പര്യാപ്തമല്ലെന്നുകണ്ട് കാസർഗോഡ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു പ്രതിയെ വെറുതേ വിട്ടുകൊണ്ട് വിധി പ്രഖ്യാപിച്ചത്.
പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ വിനയ് മങ്ങാട്ട്, അബ്ദുൾ ഷഫാഫ്, പി. അരുൺ എന്നിവരാണ് ഹാജരായത്.
Kerala
കാസർഗോഡ്: പോക്സോ കേസ് പ്രതി സബ് ജയിലിൽ മരിച്ചതിൽ ദുരൂഹതയെന്നു ബന്ധുക്കൾ. പോക്സോ കേസിൽ അറസ്റ്റിലായ ദേളി കുന്നുപാറയിലെ മുബഷിർ (29) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഇയാളെ ജയിൽ അധികൃതർ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മുബഷിറിന്റെ കുടുംബം ആരോപിച്ചു.
രണ്ടുമാസം മുമ്പ് ഗൾഫിൽനിന്നും നാട്ടിലെത്തിയ മുബഷിറിനെ
മൂന്നാഴ്ച മുമ്പാണ് പോക്സോ കേസിൽ പോലീസ് അറസ്റ്റു ചെയ്തത്. തുടർന്നു കോടതിയിൽ ഹാജരാക്കി കാസർഗോഡ് സബ് ജയിലിലേക്ക് റിമാൻഡു ചെയ്യുകയായിരുന്നു. ഇന്നലെ ഇയാളുടെ മാതാവും സഹോദരനും ജയിലിലെത്തി കണ്ടിരുന്നു. ആ സമയത്ത് ആരോഗ്യപ്രശ്നങ്ങളൊന്നും ഉള്ളതായി പറഞ്ഞിരുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
ജയിലിൽ മര്‍ദനം ഏൽക്കേണ്ടിവന്നെന്ന് മുബഷീര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. ജയിലിൽ ചില ഗുളികകൾ കഴിപ്പിച്ചെന്നും ഇത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലെന്നും ബന്ധു ഹനീഫ് പറഞ്ഞു.
അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും ഹനീഫ് പറഞ്ഞു. അതേസമയം, റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ വിദഗ്ധ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. പരിയാരം മെഡിക്കൽ കോളജിൽ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കും പോസ്റ്റ്മോർട്ടമെന്നും എംഎൽഎ വ്യക്തമാക്കി.
ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ.മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.
ദേളി കുന്നുപാറയിലെ പരേതനായ അബ്ദുള്ളയുടെയും ഹാജിറയുടെയും മകനാണ്. സഹോദരങ്ങൾ: മുനവർ, മുസംബിൽ, സൽമാൻ